07:36pm 30 August 2026
NEWS
ജയിലിൽ നിന്ന് രാവിലെ ജോലിക്കായി പുറത്ത് പോകാം, വൈകിട്ട് തിരിച്ചെത്താം; പുതിയ പദ്ധതിയുമായി ജാർഖണ്ഡ് സർക്കാർ
30/08/2026  03:58 PM IST
nila
ജയിലിൽ നിന്ന് രാവിലെ ജോലിക്കായി പുറത്ത് പോകാം, വൈകിട്ട് തിരിച്ചെത്താം; പുതിയ പദ്ധതിയുമായി ജാർഖണ്ഡ് സർക്കാർ

റാഞ്ചി: തടവുകാരുടെ പുനരധിവാസത്തിന് പുതിയ ചുവടുവയ്പുമായി ജാർഖണ്ഡ് സർക്കാർ. തിരഞ്ഞെടുത്ത തടവുകാർക്ക് പകൽ സമയത്ത് ജയിലിന് പുറത്തുപോയി ജോലി ചെയ്യാനും വൈകിട്ട് ജയിലിലേക്ക് മടങ്ങിയെത്താനും അവസരമൊരുക്കുന്ന പദ്ധതിക്കാണ് സർക്കാർ ഒരുങ്ങുന്നത്. ജയിൽ പരിഷ്കാരങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

ജയിലിൽ കഴിയുമ്പോഴും കുടുംബത്തിന് സാമ്പത്തികമായി പിന്തുണ നൽകാനും മോചിതരായ ശേഷം സമൂഹത്തിലേക്ക് കൂടുതൽ എളുപ്പത്തിൽ തിരിച്ചുചേരാനും തടവുകാരെ സഹായിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ നാല് സെൻട്രൽ ജയിലുകളിലാണ് പദ്ധതി നടപ്പാക്കുക. ഇതിന് സർക്കാർ ഉടൻ അനുമതി നൽകുമെന്നാണ് റിപ്പോർട്ട്.

പദ്ധതി പ്രാബല്യത്തിൽ വന്നാൽ തെരഞ്ഞെടുത്ത തടവുകാർക്ക് രാവിലെ ആറോ ഏഴോ മണിയോടെ ജയിലിൽ നിന്ന് ജോലിക്കായി പുറത്തുപോകാം. ഏകദേശം 12 മണിക്കൂർ വരെ പുറത്ത് ജോലി ചെയ്ത ശേഷം വൈകിട്ടോടെ നിർബന്ധമായും ജയിലിലേക്ക് തിരിച്ചെത്തണം. നഗരപ്രദേശങ്ങളിലാണ് ബന്ധപ്പെട്ട ജയിലുകൾ സ്ഥിതി ചെയ്യുന്നതെന്നതിനാൽ തടവുകാർക്ക് വിവിധ മേഖലകളിൽ ജോലി കണ്ടെത്താൻ എളുപ്പമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

റാഞ്ചിയിലെ ബിർസ മുണ്ട സെൻട്രൽ ജയിൽ, ഹസാരിബാഗിലെ ജയ് പ്രകാശ് നാരായൺ സെൻട്രൽ ജയിൽ, ഘാഗിദി സെൻട്രൽ ജയിൽ, ദുംക സെൻട്രൽ ജയിൽ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്.

എന്നാൽ ജയിലിലെ മുഴുവൻ തടവുകാർക്കും ഈ ആനുകൂല്യം ലഭിക്കില്ല. ജയിൽ ചട്ടങ്ങൾ കൃത്യമായി പാലിക്കുകയും മികച്ച പെരുമാറ്റം പുലർത്തുകയും ചെയ്യുന്ന തടവുകാരിൽനിന്ന് അർഹരായവരെ തിരഞ്ഞെടുത്താകും ജോലിക്ക് പുറത്തുപോകാൻ അനുമതി നൽകുക. തടവുകാരുടെ പുനരധിവാസത്തിനൊപ്പം അവരുടെ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്താൻ പദ്ധതി സഹായിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img